Monday, August 8, 2011

ഒരു ഉണക്കമീൻ പുരാണം

ചന്തയിൽ എന്റെ പ്രേതത്തെ
ഒരാൾ ഉണക്കിവിറ്റിരുന്നു.
അവന്റെ ഉടലിൽ ഞാൻ നാറ്റമായ് പടർന്ന്
കടലിലെ ഓർമ്മകൾ പേറി പാർത്തുപോന്നു.

ഒരു നാൾ അവൻ
യാത്ര പോകാതെ
ഭാര്യയെ പുണരാതെ
ചങ്ങാതിയെ കാണാതെ
ചന്തയിൽ പോകാതെ
മച്ചിൻപുറത്ത് മറഞ്ഞിരിപ്പായ്.

ഞാൻ പറഞ്ഞു:
നിന്നിൽ നിന്നും പറന്നു പോകാം...
എന്നേക്കുമായി
എന്റെ പ്രേതത്തെ എനിക്കായി നൽകുക.

ഞാൻ ചാപ്പയിൽ നിന്നും
വലയിലേക്കും വലയിൽ നിന്ന് കടലിലേക്കും
സ്വപ്നം തേടി
തുഴഞ്ഞുപോകട്ടെ.

കോന്തല

കൂടെ
ഞാനും പൈക്കളും മാത്രമേ
ഉണ്ടായിരുന്നുള്ളു.
അതിനാൽ വെല്ലിമ്മ ഒറ്റക്കായിരുന്നു.

അന്റെ തല പുറത്ത് കണ്ടപ്പോ
ഓന്റെ തല തെറിച്ചു.
ഇജ്ജോ വായിച്ച് വായിച്ച്
ഒസ്സാന്റെ കത്തിക്കല്ല് പോലെയായി.
വെല്ലിമ്മ എപ്പോഴും സങ്കടപ്പെടും.

അഴിച്ചെടുത്ത എന്റെ സ്വാതന്ത്ര്യം
ആ കോന്തലയിൽ തൂങ്ങിക്കിടക്കും
ചെക്കാ, ചെക്കാ,
ഇഞ്ഞീം എണീക്കാറായില്ലേ?
കുണ്ടിയിൽ സൂര്യൻ മുളഞ്ഞിട്ടും.

ഒരു നാൾ
ചീത്ത പറയണത് കേക്കിണില്ല.
പുറത്തിറങ്ങി നോക്കി.

തൊഴുത്തിൽ നിന്ന്
പയ്യ് നടന്ന് നടന്ന് പോണു.
വാലിൽ പിടിച്ച് വെല്ലിമ്മയും.
സന്തോഷം കൊണ്ടും
സങ്കടം കൊണ്ടും
എന്റെ കണ്ണു നിറഞ്ഞു.

ഇപ്പോൾ
ഏതെങ്കിലും വരമ്പത്തിരുന്ന്
(സ്വർഗ്ഗം ഒരു വരമ്പോ?)
പൈക്കൾക്ക് പുല്ലരിയുകയായിരിക്കും.
കോന്തലയിൽ തൂങ്ങികിടന്ന്
ഒരു കണ്ണ്
എന്നെ മേയ്ക്കുകയായിരിക്കും.

വെറുതെ

വായകൊണ്ടു കൊപ്ലിച്ച്
ഞാനൊരു കവിതയുണ്ടാക്കി.
കടലാസിൽ പകർത്താതെ
പ്രകാശത്തിലേക്ക് തുപ്പി,
ഒരു മഴവില്ലുണ്ടാക്കി.