Saturday, September 19, 2009

അത്‌ ഞായറാഴ്ചയോ വെള്ളിയാഴ്ചയോ ആകാം


കണ്‍വെയര്‍ബെല്‍ട്ടിലൂടെ കടന്നുപോകുന്ന
കൂറ്റന്‍ പെട്ടിയാണ്‌ ഓരോ ദിവസവും
എന്നു ഞാന്‍ കരുതുന്നു.

പെട്ടിയില്‍നിന്ന്‌ പെട്ടിയിലേയ്ക്ക്‌
രാത്രിയിലൂടെ നീങ്ങുന്നു.

അകലെനിന്ന്‌
നീണ്ടുനീണ്ടുവരുന്ന പെട്ടികള്‍

ഒരാഴ്ചയോ ഒരു മാസമോ
ഒരു വര്‍ഷമോ മുമ്പുള്ള
ഒരു ദിവസത്തില്‍
ഞാന്‍ ഉണര്‍ന്നെണീക്കും.
അത്‌ ഞായറാഴ്ചയോ ബുധനാഴ്ചയോ ആകാം.

ഇവിടെ
എല്ലാം പതുങ്ങിനില്‍ക്കുന്നു
വായു കാറ്റാകുന്നതിനുമുമ്പ്‌
മൗനം ശബ്ദമാകുന്നതിനു മുമ്പ്‌
കുട്ടികള്‍ ഗര്‍ഭപാത്രത്തില്‍ അനങ്ങുന്നതിനു മുമ്പ്‌
അടുത്ത നീക്കത്തിനുള്ള തയ്യാറെടുപ്പില്‍.

ഈ നിമിഷം
എന്റെ
ഇടത്തെ കണ്‍പോള
ഒന്നടയണമെന്നുവരെ.

ഇത്രമേല്‍
അനിശ്ചിതവും അപ്രതീക്ഷിതവും
ആയതുകൊണ്ട്‌
ഇതു ഒരു ചതിയാണെന്നും
അനന്തതയും നക്ഷത്രങ്ങളും
എന്തിനാണെന്നും
എനിക്കു മനസ്സിലാവുന്നില്ല.

നിങ്ങള്‍ ജീവിക്കുന്ന
ദിവസം വളരെ അകലെയുള്ള നഗരം
രാത്രിയില്‍ പ്രകാശിക്കുന്നതുപോലെ
എനിക്കു കാണാന്‍ കഴിയും

സംഭവങ്ങള്‍ മുരളുന്ന
സ്ഥലങ്ങളിലൂടെ നടന്നകന്നു

ഇതുമാത്രമാണ്‌
പ്രതീക്ഷ
അകന്നുപോയ
ഒന്നില്‍ ജനിച്ചു
അടുത്തടുത്തുവന്ന
ഒന്നില്‍ മരിച്ചു

അത്‌
ഞായറാഴ്ചയോ
വെള്ളിയാഴ്ചയോ ആകാം