Monday, August 8, 2011

ഒരു ഉണക്കമീൻ പുരാണം

ചന്തയിൽ എന്റെ പ്രേതത്തെ
ഒരാൾ ഉണക്കിവിറ്റിരുന്നു.
അവന്റെ ഉടലിൽ ഞാൻ നാറ്റമായ് പടർന്ന്
കടലിലെ ഓർമ്മകൾ പേറി പാർത്തുപോന്നു.

ഒരു നാൾ അവൻ
യാത്ര പോകാതെ
ഭാര്യയെ പുണരാതെ
ചങ്ങാതിയെ കാണാതെ
ചന്തയിൽ പോകാതെ
മച്ചിൻപുറത്ത് മറഞ്ഞിരിപ്പായ്.

ഞാൻ പറഞ്ഞു:
നിന്നിൽ നിന്നും പറന്നു പോകാം...
എന്നേക്കുമായി
എന്റെ പ്രേതത്തെ എനിക്കായി നൽകുക.

ഞാൻ ചാപ്പയിൽ നിന്നും
വലയിലേക്കും വലയിൽ നിന്ന് കടലിലേക്കും
സ്വപ്നം തേടി
തുഴഞ്ഞുപോകട്ടെ.

കോന്തല

കൂടെ
ഞാനും പൈക്കളും മാത്രമേ
ഉണ്ടായിരുന്നുള്ളു.
അതിനാൽ വെല്ലിമ്മ ഒറ്റക്കായിരുന്നു.

അന്റെ തല പുറത്ത് കണ്ടപ്പോ
ഓന്റെ തല തെറിച്ചു.
ഇജ്ജോ വായിച്ച് വായിച്ച്
ഒസ്സാന്റെ കത്തിക്കല്ല് പോലെയായി.
വെല്ലിമ്മ എപ്പോഴും സങ്കടപ്പെടും.

അഴിച്ചെടുത്ത എന്റെ സ്വാതന്ത്ര്യം
ആ കോന്തലയിൽ തൂങ്ങിക്കിടക്കും
ചെക്കാ, ചെക്കാ,
ഇഞ്ഞീം എണീക്കാറായില്ലേ?
കുണ്ടിയിൽ സൂര്യൻ മുളഞ്ഞിട്ടും.

ഒരു നാൾ
ചീത്ത പറയണത് കേക്കിണില്ല.
പുറത്തിറങ്ങി നോക്കി.

തൊഴുത്തിൽ നിന്ന്
പയ്യ് നടന്ന് നടന്ന് പോണു.
വാലിൽ പിടിച്ച് വെല്ലിമ്മയും.
സന്തോഷം കൊണ്ടും
സങ്കടം കൊണ്ടും
എന്റെ കണ്ണു നിറഞ്ഞു.

ഇപ്പോൾ
ഏതെങ്കിലും വരമ്പത്തിരുന്ന്
(സ്വർഗ്ഗം ഒരു വരമ്പോ?)
പൈക്കൾക്ക് പുല്ലരിയുകയായിരിക്കും.
കോന്തലയിൽ തൂങ്ങികിടന്ന്
ഒരു കണ്ണ്
എന്നെ മേയ്ക്കുകയായിരിക്കും.

വെറുതെ

വായകൊണ്ടു കൊപ്ലിച്ച്
ഞാനൊരു കവിതയുണ്ടാക്കി.
കടലാസിൽ പകർത്താതെ
പ്രകാശത്തിലേക്ക് തുപ്പി,
ഒരു മഴവില്ലുണ്ടാക്കി.

Monday, October 18, 2010

പിറവി


ബിസ്മി ചൊല്ലി
ഒസ്സാത്തിയുടെ കത്തി
എന്റെ മുടി വടിച്ചുകളഞ്ഞു

പുറത്ത് വാഴത്തോട്ടത്തില്‍
എന്റെ പേര് മൂന്നു പ്രാവശ്യം ചൊല്ലി.
മൂരിയുടെ കഴുത്തറുത്ത
അപ്പോള്‍ ചീറ്റിയ ചോരയ്ക്കൊപ്പം
കുടമണികളുടെ മുഴക്കം ഞാന്‍ കേട്ടു.

കാലുകള്‍ മുകളിലേക്കാക്കി
തല ചരിച്ചു കിടക്കുന്ന
അതിന്റെ കണ്ണില്‍
മരക്കൊമ്പത്ത് ഒറ്റയ്ക്കിരിക്കുന്ന
ഒരു കാക്കയെ കണ്ടു
കണ്ണുകള്‍ക്ക് പിന്നില്‍ ഇപ്പോഴില്ല
എന്നറിയാത്തതുപോലെ
അതു കിടന്നു...

വാരിക്കൊടുത്ത
ഓരോ പൊതി ഇറച്ചിയും
മല്ലിക്കും മുളകിനുമൊപ്പം
ഓരോ വീട്ടിലും രുചിഭേദങ്ങളായി
തിളച്ചുമറിഞ്ഞു

മൂര്‍ദ്ധാവില്‍ നിന്ന് കത്തി താഴോട്ടിറങ്ങുമ്പോള്‍
എന്റെ തലയില്‍ അതിന്റെ ചോര പൊടിഞ്ഞൂ
അപ്പോള്‍ ജനിക്കുന്നതിനു മുന്‍പേ മരിച്ചുപോയ
അമ്മായിമാരുമായി
ഞാന്‍ ഒളിച്ചു കളിക്കുകയായിരുന്നു.

മുകളിലേക്ക് നോക്കുമ്പോള്‍
ഓരോ വീട്ടിലെ ഇറച്ചിപ്പാത്രങ്ങളില്‍ നിന്ന്
മേലോട്ടുയരുന്ന ആവി മേഘങ്ങളായി
ആകാശത്ത് ഒരു മൂരിയുടെ രൂപം തീര്‍ത്തുകൊണ്ടിരുന്നു.

ആ സമയം എന്നെയും വയറ്റിലിട്ട്
എന്റെ ഉമ്മ
അയലില്‍ തുണി ഉണക്കുന്നത്
ഞാന്‍ നോക്കിയിരുന്നു


Wednesday, September 15, 2010

വീട്

ഈ മുറിയിൽ ഇരിക്കുമ്പോൾ
എന്തെങ്കിലും ചെയ്യണേ എന്ന്
കൈകളോട് ശാന്തമായി അപേക്ഷിച്ചു
അങ്ങനെ
കാവിയിട്ട തറയിൽ
ചൂണ്ടയിടാൻ തുടങ്ങി.
ചോന്ന് കട്ടിയേറിയ കാവി
അരികുകളിൽ തുളുമ്പിത്തുടങ്ങി.

ഉപരിതലത്തിൽ ചൂണ്ടക്കൊളുത്ത്
പൊന്തിക്കിടന്നു
കൈകളോട് വീണ്ടും
അപേക്ഷിച്ചു

അങ്ങനെ
തറയ്ക്കടിയിൽ അസംഖ്യം ഇരകൾക്കുവേണ്ടി
എന്റെ കൊളുത്ത് ഏകാന്തമായി കാത്തുകിടന്നു
ഇരകൾ ലോകാവസാനം വരേക്കും
ചുരുണ്ട് ചുരുണ്ട് അപ്രത്യക്ഷമായത്
അറിയാതെ

കൈകളോട് ശാന്തമായി
വീണ്ടും അപേക്ഷിച്ചു

അപ്പോൾ എന്റെ ചൂണ്ട
വലിഞ്ഞുനീണ്ട് കനംവെച്ചു
അങ്ങനെ ചൂണ്ടയിൽ ഒരു വീട്
ആടിയാടി ശാന്തമായി തൂൺങ്ങിക്കിടന്നു.

Friday, October 30, 2009

എന്റെ സ്ഥലം

എന്റെ സ്ഥലം
ഞാന്‍ കണ്ടുപിടിച്ചു
അത്

ചര്‍മ്മത്തില്‍
‍മാംസത്തില്‍
‍എല്ലില്‍
‍മജ്ജയില്‍
‍ചോരയില്‍ ഉയര്‍ന്നിരിക്കുന്നു.

ഞാനെന്റെ നാഡിയിലൂടെ
അകത്തെ ചക്രവാളത്തില്
‍ചെന്നു തൊടുന്നു

നിന്റെ കവിളില്
‍എന്റെ നാക്ക് ഉരുമ്മന്നതുപോലെ

അവിടം എപ്പോഴും
കൂടെ പോരുന്നു.

ഒരൊച്ചിനെ പോലെ
പുറം തോടില്ലാത്തതില്‍
‍ഞാന്‍ ആഹ്ളാദിക്കുന്നു.

അത് ഇതാണ്
നിറഞ്ഞ ജീവനില്‍ നിന്ന്
ദേഹം പിന്‍വാങ്ങുമ്പോള്
‍ഉണ്ടാകുന്ന സ്ഥലം പോലെ

USSR

പഴയ സോവിയറ്റുനാടിന്റെ
കടലാസുകൊണ്ട്
അന്നുഞങ്ങള്‍ വിമാനമുണ്ടാക്കി
പറത്തുമായിരുന്നു

അമ്മാവന്‍ വന്നപ്പോള്‍
റഷ്യന്‍ വാച്ചുകൊണ്ടുവന്നു
കീ കൊടുക്കുന്ന വാച്ചായിരുന്നു അത്

ഇതഴിച്ചെടുത്താല്‍
പട്ടാമ്പിയിലാകെ സ്പ്രിംഗുകൊണ്ടു
നിറയുമെന്ന് ഹാരിസ് പറഞ്ഞു.

ലോകത്തിലെ സകലയന്ത്രങ്ങളും
സ്വപ്നം കാണുന്ന അവന്
‍ഞങ്ങളുടെ സ്കൂട്ടര്‍ നന്നാക്കിയെടുത്തു

ഒരിക്കല്
‍പെട്രോളില്ലാത്ത കാലത്ത്
10-ാം നമ്പര്‍ വീട്ടിലെ
എഞ്ചിനീയറുടെ ബൈക്കില്‍ നിന്നും
എണ്ണ ഊറ്റുമ്പോള്‍
കൈയ്യോടെ പിടിക്കപ്പെട്ടു

കൈവിറച്ച്
വെയിലില്‍ച്ചെന്ന് ഇടിച്ചുതെറിക്കുമ്പോള്‍
‍എവിടെനിന്നോ കേട്ട
ഗ്ളാസ്നോസ്ററും
പെരിസ്ട്രോയിക്കയും
പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു.

സ്കൂട്ടറിന്റെ കേട് തീര്‍ക്കാന്
‍വാച്ചു വിറ്റ് മടങ്ങുമ്പോള്
‍റാ.... റാ.... റാസ്പുട്ടിന്
‍ലൌവര്‍ ഓഫ് ദ റഷ്യന്‍ക്യൂന്
‍എന്ന് ഞങ്ങള്‍ ഉറക്കെപ്പാടി.