പഴയ സോവിയറ്റുനാടിന്റെ
കടലാസുകൊണ്ട്
അന്നുഞങ്ങള്‍ വിമാനമുണ്ടാക്കി
പറത്തുമായിരുന്നു
അമ്മാവന്‍ വന്നപ്പോള്‍
റഷ്യന്‍ വാച്ചുകൊണ്ടുവന്നു
കീ കൊടുക്കുന്ന വാച്ചായിരുന്നു അത്
ഇതഴിച്ചെടുത്താല്‍
പട്ടാമ്പിയിലാകെ സ്പ്രിംഗുകൊണ്ടു
നിറയുമെന്ന് ഹാരിസ് പറഞ്ഞു.
ലോകത്തിലെ സകലയന്ത്രങ്ങളും
സ്വപ്നം കാണുന്ന അവന്
ഞങ്ങളുടെ സ്കൂട്ടര്‍ നന്നാക്കിയെടുത്തു
ഒരിക്കല്
പെട്രോളില്ലാത്ത കാലത്ത്
10-ാം നമ്പര്‍ വീട്ടിലെ
എഞ്ചിനീയറുടെ ബൈക്കില്‍ നിന്നും
എണ്ണ ഊറ്റുമ്പോള്‍
കൈയ്യോടെ പിടിക്കപ്പെട്ടു
കൈവിറച്ച്
വെയിലില്‍ച്ചെന്ന് ഇടിച്ചുതെറിക്കുമ്പോള്‍
എവിടെനിന്നോ കേട്ട
ഗ്ളാസ്നോസ്ററും
പെരിസ്ട്രോയിക്കയും
പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു.
സ്കൂട്ടറിന്റെ കേട് തീര്‍ക്കാന്
വാച്ചു വിറ്റ് മടങ്ങുമ്പോള്
റാ.... റാ.... റാസ്പുട്ടിന്
ലൌവര്‍ ഓഫ് ദ റഷ്യന്‍ക്യൂന്
എന്ന് ഞങ്ങള്‍ ഉറക്കെപ്പാടി.
No comments:
Post a Comment