Friday, October 30, 2009

എന്റെ സ്ഥലം

എന്റെ സ്ഥലം
ഞാന്‍ കണ്ടുപിടിച്ചു
അത്

ചര്‍മ്മത്തില്‍
‍മാംസത്തില്‍
‍എല്ലില്‍
‍മജ്ജയില്‍
‍ചോരയില്‍ ഉയര്‍ന്നിരിക്കുന്നു.

ഞാനെന്റെ നാഡിയിലൂടെ
അകത്തെ ചക്രവാളത്തില്
‍ചെന്നു തൊടുന്നു

നിന്റെ കവിളില്
‍എന്റെ നാക്ക് ഉരുമ്മന്നതുപോലെ

അവിടം എപ്പോഴും
കൂടെ പോരുന്നു.

ഒരൊച്ചിനെ പോലെ
പുറം തോടില്ലാത്തതില്‍
‍ഞാന്‍ ആഹ്ളാദിക്കുന്നു.

അത് ഇതാണ്
നിറഞ്ഞ ജീവനില്‍ നിന്ന്
ദേഹം പിന്‍വാങ്ങുമ്പോള്
‍ഉണ്ടാകുന്ന സ്ഥലം പോലെ

USSR

പഴയ സോവിയറ്റുനാടിന്റെ
കടലാസുകൊണ്ട്
അന്നുഞങ്ങള്‍ വിമാനമുണ്ടാക്കി
പറത്തുമായിരുന്നു

അമ്മാവന്‍ വന്നപ്പോള്‍
റഷ്യന്‍ വാച്ചുകൊണ്ടുവന്നു
കീ കൊടുക്കുന്ന വാച്ചായിരുന്നു അത്

ഇതഴിച്ചെടുത്താല്‍
പട്ടാമ്പിയിലാകെ സ്പ്രിംഗുകൊണ്ടു
നിറയുമെന്ന് ഹാരിസ് പറഞ്ഞു.

ലോകത്തിലെ സകലയന്ത്രങ്ങളും
സ്വപ്നം കാണുന്ന അവന്
‍ഞങ്ങളുടെ സ്കൂട്ടര്‍ നന്നാക്കിയെടുത്തു

ഒരിക്കല്
‍പെട്രോളില്ലാത്ത കാലത്ത്
10-ാം നമ്പര്‍ വീട്ടിലെ
എഞ്ചിനീയറുടെ ബൈക്കില്‍ നിന്നും
എണ്ണ ഊറ്റുമ്പോള്‍
കൈയ്യോടെ പിടിക്കപ്പെട്ടു

കൈവിറച്ച്
വെയിലില്‍ച്ചെന്ന് ഇടിച്ചുതെറിക്കുമ്പോള്‍
‍എവിടെനിന്നോ കേട്ട
ഗ്ളാസ്നോസ്ററും
പെരിസ്ട്രോയിക്കയും
പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു.

സ്കൂട്ടറിന്റെ കേട് തീര്‍ക്കാന്
‍വാച്ചു വിറ്റ് മടങ്ങുമ്പോള്
‍റാ.... റാ.... റാസ്പുട്ടിന്
‍ലൌവര്‍ ഓഫ് ദ റഷ്യന്‍ക്യൂന്
‍എന്ന് ഞങ്ങള്‍ ഉറക്കെപ്പാടി.

Friday, October 16, 2009

13-02-76

എന്നെ പ്രസവിച്ചതും
22-ാ‍ം ദിവസം
21-ാ‍ം വയസ്സില്‍ ഉപ്പ മരിച്ചു.

നീണ്ട 10,227 ദിവസം
കഴിഞ്ഞു.
എനിക്ക്‌ 28 വയസ്സു തികഞ്ഞു.

ഇന്ന്‌ എന്നേക്കാള്‍ ചെറുപ്പമുള്ള
ഉപ്പ വന്നു.
നീണ്ട 10,205 പ്രകാശദിവസങ്ങള്
‍അകലെനിന്ന്‌

ഒരു ചെറുപ്പക്കാരനെ
എന്നതുപോലെ
ഉമ്മ നോക്കിനിന്നു

എന്നിട്ട്‌
ഞങ്ങള്‍ക്കു നഷ്ടപ്പെട്ട
10,205 ദിവസങ്ങള്‍ക്കായി
നീണ്ട്തൊണ്ടയില്
‍ദൈവത്തോടു പ്രാര്‍ത്ഥിച്ചു.

Friday, October 9, 2009

നിര്‍ത്തം

സാവധാനത്തിൽ
കാലുകള്‍ അകത്തിവെച്ച്
നില്‍ക്കുന്നു

ഈ നില്‍പ്പിൽ തികച്ചും
‍അപ്രതീക്ഷിതമായ ഓരോ
ആലോചനയിലായിരിക്കും നിങ്ങള്‍

ഏതോ ഗര്‍ഭിണിയുടെ
കാലില്‍ നീരുള്ളത്
എവിടെയോ നിര്‍ത്താതെ
ഓടുന്ന ഒരു നായയെ
അത്ഭുതത്തോടെ ഓര്‍ത്തുകൊണ്ട്

നിങ്ങള്‍ക്കും
നിലത്തിനുമിടയില്
‍ഭൂഗുരുത്വം നഷ്ടപ്പെട്ട്
അന്തരീക്ഷത്തില്
‍വിടര്‍ന്ന മൂത്രത്തിന്റെ
അമൂര്‍ത്ത ചില്ലുശില്‍പ്പവുമായി

അനന്തതയില്‍ മലത്തിനുചുറ്റും
ഒരീച്ച വട്ടം ചുറ്റുമ്പോഴും
ആറ്റത്തില്‍ ന്യൂക്ളിയസിന് ചുറ്റും
ഇലക്ട്രോണുകള്‍ വട്ടം ചുറ്റുമ്പോഴും

സമയത്തില്‍ നിന്നും
ചലനത്തില്‍ നിന്നും
വേര്‍പെട്ട്
അന്തരീക്ഷത്തില്‍ വിടര്‍ന്ന
മൂത്രത്തിന്റെ അമൂര്‍ത്ത ചില്ലുശില്‍പ്പവുമായി
അവിടെത്തന്നെനില്‍ക്കുകയായിരിക്കും
നിങ്ങള്‍
ഇപ്പോഴും.