Monday, August 8, 2011

കോന്തല

കൂടെ
ഞാനും പൈക്കളും മാത്രമേ
ഉണ്ടായിരുന്നുള്ളു.
അതിനാൽ വെല്ലിമ്മ ഒറ്റക്കായിരുന്നു.

അന്റെ തല പുറത്ത് കണ്ടപ്പോ
ഓന്റെ തല തെറിച്ചു.
ഇജ്ജോ വായിച്ച് വായിച്ച്
ഒസ്സാന്റെ കത്തിക്കല്ല് പോലെയായി.
വെല്ലിമ്മ എപ്പോഴും സങ്കടപ്പെടും.

അഴിച്ചെടുത്ത എന്റെ സ്വാതന്ത്ര്യം
ആ കോന്തലയിൽ തൂങ്ങിക്കിടക്കും
ചെക്കാ, ചെക്കാ,
ഇഞ്ഞീം എണീക്കാറായില്ലേ?
കുണ്ടിയിൽ സൂര്യൻ മുളഞ്ഞിട്ടും.

ഒരു നാൾ
ചീത്ത പറയണത് കേക്കിണില്ല.
പുറത്തിറങ്ങി നോക്കി.

തൊഴുത്തിൽ നിന്ന്
പയ്യ് നടന്ന് നടന്ന് പോണു.
വാലിൽ പിടിച്ച് വെല്ലിമ്മയും.
സന്തോഷം കൊണ്ടും
സങ്കടം കൊണ്ടും
എന്റെ കണ്ണു നിറഞ്ഞു.

ഇപ്പോൾ
ഏതെങ്കിലും വരമ്പത്തിരുന്ന്
(സ്വർഗ്ഗം ഒരു വരമ്പോ?)
പൈക്കൾക്ക് പുല്ലരിയുകയായിരിക്കും.
കോന്തലയിൽ തൂങ്ങികിടന്ന്
ഒരു കണ്ണ്
എന്നെ മേയ്ക്കുകയായിരിക്കും.

No comments:

Post a Comment